Thursday, May 17, 2018

ചില വിഷു ഓർമകൾ ......പൊതുവെ ഒരു പാലക്കാട്കാരനായിട്ടാണ് എല്ലാരും എന്നെ അറിയുന്നതെങ്കിലും വാസ്തവത്തിൽ എൻ്റെ മാതാപിതാക്കളുടെ സ്വദേശം തൃശ്ശൂർ ആണ് .അച്ഛന് ഓട്ടുപാറ വടക്കാഞ്ചേരി, അമ്മയ്ക്ക് നന്തിക്കര .ഞാൻ ജനിച്ചതും തൃശ്ശൂർ .എന്റെ പേരിലും ഉണ്ട് തൃശൂർ .......ഇനി കുറച്ചു ഫ്ലാഷ് ബാക് -----വാർഷിക പരീക്ഷ കഴിഞ്ഞു സ്കൂളിൽ നിന്നിറങ്ങുമ്പോൾ അമ്മ വിളിക്കാൻ വന്നിട്ടുണ്ടാകും ."വേഗം നട SKMS പോയിടും "എന്നത് അമ്മയുടെ സ്ഥിരം ശകാരമായിരുന്നു  . പണ്ട് ഒരു SKMS ബസ് തൃശ്ശൂർക്കുണ്ടായിരുന്നു .പിന്നീടത് വണ്ടിത്താവളം പാലക്കാട് ബസായി മാറി .SKMS =സാറെ കേറുമ്പോ മുട്ട് സൂക്ഷിക്കണം എന്നതിന്റെ സംക്ഷിപ്ത രൂപമാണെന്ന് പണ്ടാരോ പറഞ്ഞു തന്നിരുന്നു. അന്ന് പൊട്ടി പൊളിഞ്ഞ ഒരു റോഡായിരുന്നു അണിക്കോട്ടേക്ക് .ഓട്ടോ വിരളം മാത്രമല്ല ആഡംബരവും . അത്കൊണ്ട് വെയിലത്തു നടത്തം ഒരു സ്ഥിരം പരിപാടിയുമായിരുന്നു . തൃശൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങുമ്പോതന്നെ ഒരു പ്രത്യേക ഫീലാണ് .ചിലപ്പോ പത്തൻസിൽ നിന്നും വല്ലതും കഴിച്ചിട്ടാണ് പൂങ്കുന്നത്തെക്ക് യാത്ര തുടരാറ്‌ .അന്ന് പാട്ടുരായ്ക്കലിൽ മേമ്പാലം വന്നിട്ടില്ല എന്നാണ് ഓർമ .അമ്മാവൻ തൃശ്ശൂർ ശേലിൽ പറയാറുണ്ട് ."കരുണാരൻ മേമ്പാലം കൊണ്ടുവരുട്ടാ ". അത് പിന്നീട് യാഥാർഥ്യവുമായി .ചെറിയമ്മമാരുടെ മക്കൾ ഓരോന്നായി എത്തി തുടങ്ങുമ്പോഴേക്കും  തറവാട് ഒരു യുദ്ധക്കളമായി മാറും .പേരകുട്ടികൾക്കു ഭക്ഷണം തരുന്നത് അമ്മൂമ്മയാണ് .കാരണം പെങ്ങൻമ്മാർക്ക് കുറെ കുശുമ്പുകൾ പറയാനുണ്ടാകും .ഒരു വലിയ പാത്രത്തിൽ ചോറും മുളകൂട്ടലും ഇട്ട് മിക്സ് ചെയ്ത് ഓരോരുത്തർക്കും ഒരു ഉരുണ്ട അതായിരുന്നു കണക്ക് .പാതി വിശപ്പോടുകൂടി ഞങ്ങൾ ഉക്കുരു ചേട്ടന്റെ തൊടിയിൽ കളിയ്ക്കാൻ പോകും .അവിടെയാണെങ്കി മാങ്ങയും ചാമ്പക്കയും അരിനെല്ലിയും ഇരിമ്പാപുളിയും എല്ലാം ഞങ്ങടെ കല്ലേറ് കൊള്ളാനായി സമൃദ്ധമായി നിൽക്കുന്നുണ്ടാകും .ഉക്കുരു ചേട്ടന്റെ മക്കൾ ദുബായിലായിരുന്നതിനാൽ ഞങ്ങളോട് വലിയ സ്നേഹമായിരുന്നു .ഇടയ്ക് കൈമൾ ചേട്ടന്റെ കടയിൽ നിന്നും നാരങ്ങ സോഡ മേടിക്കാനയി ചില്ലറയും തരുമായിരുന്നു .അങ്ങനെയിരിക്കുമ്പോ ഒരു വിഷു അടുത്ത് വന്നു .ഉക്കുരു ചേട്ടന്റെ തൊടിയിലെ ചക്ക മണത്തുതുടങ്ങിയിരുന്നു .ഒരാള്ടെ വലിപ്പമുള്ള ചക്ക വലിച്ചിറക്കാനായി  പറമ്പിലെ പണിക്കാരൻ ഈനാശു ചേട്ടനും പണിക്കാരി പള്ളിയും നല്ലോണം പണിപ്പെട്ടു .ഞങ്ങളെല്ലാവരും കൂടി അത് വിഷുക്കണിക്കായി ഞങ്ങടെ തറവാട്ടിലെത്തിച്ചു .എന്നിട്ട് ക്ഷീണം മാറ്റാനായി പള്ളത്ത് തറവാട്ടുകുളത്തിൽ കുളിച്ചു വന്നു .അപ്പോഴാണ് എന്തോ പൊടിക്കാനായി മുത്തശ്ശി ഞങ്ങളെ മില്ലിലേക്ക് പറഞ്ഞു വിട്ടത്..........അവിടത്തെ മല്ലി പൊടിക്കുന്നതിന്റെ മണം എന്റെ സിരകളിൽ കയറിയിട്ട് ഇന്ന് ഒരു ഇരുപത്തഞ്ചു വർഷമായിക്കാണും .ഓരോ പ്രാവശ്യവും തൃശ്ശൂർക്ക് വരുമ്പോ ഞാൻ ഉറപ്പ് വരുത്തും, പൂങ്കുന്നം റൈസ് ആൻഡ് ഫ്ലോർ മിൽ അവിടെ തന്നെ ഉണ്ടെന്നു (കല്യാൺ ജെവെല്ലേഴ്സിന്റെ കോർപറേറ്റ് ഓഫിസ് കെട്ടിടം വന്നതോടുകൂടി ഈ മിൽ അത്ര എളുപ്പം ആളുകളുടെ കണ്ണിൽ പെടില്ലെങ്കിലും). മല്ലി പൊടിക്കുന്ന സുഗന്ധം മണക്കാനായി ഞാൻ ഇപ്പോഴും ഇവിടെത്തുമ്പോ കാറിന്റെ ചില്ല് താഴ്ത്തും.... തറവാട്ടിൽ ഇപ്പോൾ ഒരു അമ്മാവൻ മാത്രമാണ് താമസം .....ഉക്രുവിന്റെ ദുബായിലെ മക്കൾ ആ സ്ഥലം ഇപ്പൊ അപ്പാർട്മെന്റ്സ് പണിയാനായി വിറ്റു.....മുത്തശ്ശി ഇപ്പോഴും പഴം പുരാണങ്ങൾ പറഞ്ഞു കൊണ്ട് വേറൊരു അമ്മാവന്റെ ഫ്ലാറ്റിൽ .നടക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് പുറത്തെങ്ങും പോവാറില്ല .അടുത്തിടെ ഒരു വീഴ്ച സമ്മാനവും കിട്ടി പാവത്തിന് ....വിഷു കഴിഞ്ഞു മുത്തശ്ശി ഉണ്ടാക്കുന്ന ചക്കവരട്ടിയ്ക്ക് അമൃതിനെക്കാളും സ്വാദുണ്ടായിരുന്നു എന്ന് ഭാര്യയോടും മോനോടും വീമ്പ് പറഞ്ഞു കൊണ്ട് -ഈ വിഷുവിന് ചക്ക മേടിക്കാൻ ഞാൻ ക്യൂവിലും . "അതിക്ക് നീങ്ക അമൃത് കുടിച്ചു സ്വാദ് പാത്തിരുക്കേളാ " എന്ന് പ്രണവിന്റെ ചോദ്യത്തിനടിയിലാണ് കടക്കാരൻ "സാറെ കുറച്ചു കണിക്കൊന്നയും എടുക്കട്ടേ " ...അമൃതിന്റെ പ്രശ്നത്തിൽ എന്തുത്തരം മകന് നൽകുമെന്ന് ചിന്തയിൽ നിന്ന് കൊണ്ട് തന്നെ -ഞാനും എല്ലാർക്കും എന്റെ വിഷു ആശംസകൾ നേരുന്നു.